Month: ഒക്ടോബർ 2025

എന്റെ ഹൃദയക്കണ്ണുകൾ തുറക്കുക

2001-ൽ, മാസം തികയാതെ ജനിച്ച ക്രിസ്റ്റഫർ ഡഫ്‌ലി എന്ന കുഞ്ഞ് രക്ഷപ്പെട്ട് ഡോക്ടർമാരെ അത്ഭുതപ്പെടുത്തി. അഞ്ച് മാസം പ്രായമുള്ളപ്പോൾ, അമ്മായിയുടെ കുടുംബം അവനെ ദത്തെടുക്കുന്നതുവരെ അവൻ ഫോസ്റ്റർ കെയർ സിസ്റ്റത്തിൽ കഴിഞ്ഞു. അന്ധനും ഓട്ടിസം ബാധിച്ചവനുമായിരുന്നിട്ടും, നാല് വയസ്സുള്ള ക്രിസ്റ്റഫറിന് തികഞ്ഞ ശബ്ദം ഉണ്ടെന്ന് ഒരു അധ്യാപകൻ മനസ്സിലാക്കി. ആറ് വർഷത്തിനു ശേഷം പള്ളിയിൽ വെച്ച് ക്രിസ്റ്റഫർ സ്റ്റേജിൽ നിന്നുകൊണ്ട് “എന്റെ ഹൃദയത്തിന്റെ കണ്ണുകൾ തുറക്കുക” എന്ന് പാടി. ആ വീഡിയോ ഓൺലൈനിൽ ദശലക്ഷക്കണക്കിനാളുകൾ വീക്ഷിച്ചു. 2020-ൽ, ഒരു വികലാംഗ അഭിഭാഷകനായി സേവനമനുഷ്ഠിക്കാനുള്ള തന്റെ ലക്ഷ്യം ക്രിസ്റ്റഫർ പങ്കുവെച്ചു. ദൈവത്തിന്റെ പദ്ധതിയിലേക്ക് തുറക്കപ്പെട്ട ഹൃദയക്കണ്ണുകൾ ഉള്ളവനുള്ള സാധ്യതകൾ പരിധിയില്ലാത്തതാണെന്ന് അദ്ദേഹം തെളിയിച്ചുകൊണ്ടേയിരിക്കുന്നു. 
എഫെസൊസിലെ സഭയുടെ ധീരമായ വിശ്വാസത്തിന് അപ്പൊസ്തലനായ പൗലൊസ് അവരെ അഭിനന്ദിച്ചു (1:15-16). അവർക്ക് “ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവ്” നൽകണമെന്ന് അവൻ ദൈവത്തോട് ആവശ്യപ്പെട്ടു, അങ്ങനെ അവർ “അവനെ നന്നായി അറിയും” (വാ. 17). അവരുടെ കണ്ണുകൾ “പ്രകാശിക്കണം” അല്ലെങ്കിൽ തുറക്കപ്പെടണമെന്ന് അവൻ പ്രാർത്ഥിച്ചു, അങ്ങനെ ദൈവം തന്റെ ജനത്തിന് വാഗ്ദാനം ചെയ്ത പ്രത്യാശയും അവകാശവും അവർ മനസ്സിലാക്കും (വാ. 18). 
നമുക്ക് തന്നെത്തന്നെ വെളിപ്പെടുത്താൻ ദൈവത്തോട് ആവശ്യപ്പെടുമ്പോൾ, നമുക്ക് അവനെ കൂടുതൽ അറിയാനും അവന്റെ നാമം, ശക്തി, അധികാരം എന്നിവ ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കാനും കഴിയും (വാ. 19-23). യേശുവിലുള്ള വിശ്വാസത്തോടും എല്ലാ ദൈവജനങ്ങളോടുമുള്ള സ്‌നേഹത്തോടും കൂടി, നമ്മുടെ ഹൃദയത്തിന്റെ കണ്ണുകൾ തുറക്കാൻ അവനോട് ആവശ്യപ്പെടുമ്പോൾ തന്നെ അവന്റെ അനന്തമായ സാധ്യതകളെ തെളിയിക്കുന്ന വഴികളിൽ നമുക്ക് ജീവിക്കാൻ കഴിയും. 

മുറിവേറ്റവർക്കുള്ള പ്രത്യാശ

“മിക്ക ആളുകളും മറ്റുള്ളവർക്ക് കാണാനോ മനസ്സിലാക്കാനോ കഴിയാത്ത മുറിപ്പാടുകൾ വഹിക്കുന്നു.” മാനസികാരോഗ്യ പ്രശ്‌നങ്ങൾ കാരണം 2020 റെഗുലർ സീസണിന്റെ അവസാനം ഒഴിവാക്കപ്പെട്ട മേജർ ലീഗ് ബേസ്‌ബോൾ താരം ആന്ദ്രെൽട്ടൺ സിമ്മൺസാണ് ആഴത്തിലുള്ള സത്യസന്ധമായ ഈ വാക്കുകൾ പ്രസ്താവിച്ചത്. തന്റെ തീരുമാനത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, സമാനമായ വെല്ലുവിളികൾ നേരിടുന്ന മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരോട് അനുകമ്പ കാണിക്കാൻ മറ്റുള്ളവരെ ഓർമ്മിപ്പിക്കുന്നതിനും തന്റെ കഥ പങ്കുവെക്കേണ്ടതുണ്ടെന്ന് സിമ്മൺസിന് തോന്നി. 
അദൃശ്യമായ മുറിപ്പാടുകൾ ആഴത്തിലുള്ള മുറിവുകളും പരിക്കുകളുമാണ്, അവ കാണാൻ കഴിയില്ല, പക്ഷേ ഇപ്പോഴും യഥാർത്ഥ വേദനയും കഷ്ടപ്പാടും ഉണ്ടാക്കുന്നു. 6-ാം സങ്കീർത്തനത്തിൽ, ദാവീദ് തന്റെ ആഴത്തിലുള്ള പോരാട്ടത്തെക്കുറിച്ച്, വേദനാജനകമായ അസംസ്‌കൃതവും സത്യസന്ധവുമായ വാക്കുകൾ എഴുതി. അവൻ “വേദനയിൽ” (വാ. 2) “അഗാധമായ വേദനയിൽ” (വാ. 3) ആയിരുന്നു. അവൻ ഞരക്കത്താൽ “തളർന്നു,” അവന്റെ കിടക്ക കണ്ണുനീർ കൊണ്ട് നനഞ്ഞു (വാ. 6). തന്റെ കഷ്ടപ്പാടിന്റെ കാരണം ദാവീദ് പങ്കുവെക്കുന്നില്ലെങ്കിലും, നമ്മിൽ പലർക്കും അവന്റെ വേദനയുമായി താദാത്മ്യപ്പെടാൻ കഴിയും. 
ദാവീദ് തന്റെ വേദനയോട് പ്രതികരിച്ച വിധവും നമുക്ക് പ്രോത്സാഹനം നൽകാം. അതികഠിനമായ യാതനകൾക്കിടയിലും ദാവീദ് ദൈവത്തോട് നിലവിളിച്ചു. സത്യസന്ധമായി തന്റെ ഹൃദയം പകർന്നുകൊണ്ട് അവൻ സൗഖ്യം (വാ. 2), രക്ഷ (വാ. 4), കരുണ (വാ. 9) എന്നിവയ്ക്കായി പ്രാർത്ഥിച്ചു. ഈ സാഹചര്യത്തിനു മുകളിൽ “എത്രത്തോളം?” എന്ന ചോദ്യം തങ്ങിനില്ക്കുമ്പോൾ പോലും (വാ. 3) ദൈവം “കരുണയ്ക്കായുള്ള [അവന്റെ] നിലവിളി കേട്ടു'' (വാ. 9) എന്നും തന്റെ സമയത്തു പ്രവർത്തിക്കുമെന്നും ദാവീദ് ഉറച്ചുവിശ്വസിച്ചു (വാ. 10). 
നമ്മുടെ ദൈവം ആരായിരിക്കുന്നു എന്നതിനാൽ, എപ്പോഴും പ്രത്യാശയുണ്ട്. 

സാവധാനം രൂപപ്പെടുന്ന കൃപ

എന്ന ഹാഷ്ടാഗിനെക്കുറിച്ചു കേട്ടിട്ടുണ്ടോ? “വേഗതയുള്ള ഫാഷനെ” - വിലകുറഞ്ഞ രീതിയിൽ നിർമ്മിച്ചതും വേഗത്തിൽ ഉപയോഗിച്ചു കളയുന്നതുമായ ഒരു വ്യവസായം - ചെറുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രസ്ഥാനത്തെക്കുറിച്ചാ ഈ ഹാഷ്ടാഗ് പ്രസ്താവിക്കുന്നു. ഫാസ്റ്റ് ഫാഷനിൽ, വസ്ത്രങ്ങൾ കടയിൽ ഇരിക്കുന്നതിന്റെ തൊട്ടടുത്തനിമിഷം ഫാഷനു പുറത്താകുന്നു -ചില ബ്രാൻഡുകൾ എല്ലാ വർഷവും അവരുടെ ഉൽപ്പന്നങ്ങൾ വലിയ അളവിൽ വലിച്ചെറിയുന്നു. 
സ്ലോ ഫാഷൻ പ്രസ്ഥാനം ആളുകളെ വേഗത കുറയ്ക്കാനും വ്യത്യസ്തമായ സമീപനം സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കുന്നു. എല്ലായ്‌പ്പോഴും ഏറ്റവും പുതിയ രൂപഭാവം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയാൽ നയിക്കപ്പെടുന്നതിനുപകരം, സ്ലോ ഫാഷൻ, നന്നായി നിർമ്മിച്ചതും ധാർമ്മികമായ ഉറവിടങ്ങളുള്ളതുമായ കുറച്ച് ഇനങ്ങൾ തിരഞ്ഞെടുക്കാൻ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. 
സ്ലോ ഫാഷനെക്കുറിച്ച് ഞാൻ ചിന്തിക്കുമ്പോൾ, “വേഗതയുള്ള ഫാഷൻ” ചിന്താരീതിയിലേക്ക് ഞാൻ വീഴുന്ന മറ്റ് വഴികളെക്കുറിച്ചും ഞാൻ ചിന്തിച്ചു-ഏറ്റവും പുതിയ പ്രവണതയിൽ പൂർത്തീകരണം തേടുന്ന മനോഭാവത്തെക്കുറിച്ച്. എന്നിരുന്നാലും, കൊലൊസ്യർ 3-ൽ, യേശുവിൽ യഥാർത്ഥ രൂപാന്തരം കണ്ടെത്തുന്നത് പെട്ടെന്നുള്ള പരിഹാരമോ ഫാഷനോ അല്ലെന്ന് പൗലൊസ് പറയുന്നു. ക്രിസ്തുവിൽ ശാന്തവും ക്രമാനുഗതവുമായ പരിവർത്തനത്തിന്റെ ആജീവനാന്ത അന്വേഷണമാണിത്. 
ലോകത്തിലെ ഏറ്റവും പുതിയ സ്റ്റാറ്റസ് ചിഹ്നങ്ങൾ ധരിക്കേണ്ട ആവശ്യമില്ലാതെ, ആത്മാവിന്റെ വസ്ത്രമായ “മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ” (വാ.12) എന്നിവ നമുക്കു ധരിക്കാം. നമ്മുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്ന ക്രിസ്തുവിന്റെ മന്ദഗതിയിലുള്ള യാത്രയിൽ -ശാശ്വത സമാധാനത്തിലേക്ക് നയിക്കുന്ന ഒരു യാത്ര - നമുക്ക് പരസ്പരം ക്ഷമ പഠിക്കാൻ കഴിയും (വാ. 15). 

നമുക്കാവശ്യമുള്ള ജ്ഞാനം

തന്റെ സ്മരണീയ ഗ്രന്ഥമായ ദി ഗ്രേറ്റ് ഇൻഫ്‌ളുവൻസയിൽ, ജോൺ എം. ബാരി 1918-ലെ ഇൻഫ്‌ളുവൻസയുടെ കഥ വിവരിക്കുന്നു. ആരോഗ്യ പ്രവർത്തകർ ജാഗ്രത പാലിക്കുന്നതിനുപകരം എങ്ങനെയാണ് ഒരു വലിയ രോഗവ്യാപനം പ്രതീക്ഷിച്ചതെന്ന് ബാരി വെളിപ്പെടുത്തുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ ലക്ഷക്കണക്കിന് സൈനികർ ട്രെഞ്ചുകളിൽ കഴിയുന്നതും അതിർത്തി കടന്നു പോകുന്നതും പുതിയ വൈറസുകളെ അഴിച്ചുവിടുമെന്ന് അവർ ഭയപ്പെട്ടു. എന്നാൽ നാശം തടയാൻ ഈ അറിവ് ഉപയോഗശൂന്യമായിരുന്നു. ശക്തരായ നേതാക്കൾ യുദ്ധകാഹളം മുഴക്കിക്കൊണ്ട് അക്രമത്തിലേക്ക് കുതിച്ചു. പകർച്ചവ്യാധി വിദഗ്ധർ കണക്കാക്കുന്നത് അഞ്ചു കോടി ആളുകൾ പകർച്ചവ്യാധിയിൽ മരിച്ചു എന്നാണ്. ഇതു കൂടാതെ മറ്റൊരു രണ്ടു കോടി ആളുകൾ യുദ്ധ കൂട്ടക്കൊലയിൽ കൊല്ലപ്പെടുകയും ചെയ്തു. 
തിന്മയിൽ നിന്ന് നമ്മെ രക്ഷിക്കാൻ നമ്മുടെ മാനുഷിക അറിവ് ഒരിക്കലും മതിയാകില്ലെന്ന് നാം വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട് (സദൃശവാക്യങ്ങൾ 4:14-16). അപാരമായ അറിവുകൾ നാം സമ്പാദിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധേയമായ ഉൾക്കാഴ്ചകൾ അവതരിപ്പിക്കുന്നുവെങ്കിലും, പരസ്പരം മറ്റുള്ളവർക്കു വേദന വരുത്തുന്നതു തടയാൻ നമുക്ക് ഇപ്പോഴും കഴിയുന്നില്ല. ''അഗാധമായ അന്ധകാര''ത്തിലേക്ക് നയിക്കുന്ന ഈ വിഡ്ഢിത്തവും ആവർത്തിച്ചുള്ളതുമായ ''ദുഷ്ടന്മാരുടെ വഴി,'' നമുക്ക് തടയാനാവില്ല. നമ്മുടെ ഏറ്റവും മികച്ച അറിവ് ഉണ്ടായിരുന്നിട്ടും, “[നമ്മെ] തട്ടിവീഴ്ത്തുന്നത് എന്താണ്” (വാക്യം 19) എന്ന് നമുക്ക് ശരിക്കും അറിയില്ല. 
അതുകൊണ്ടാണ് നാം “ജ്ഞാനം സമ്പാദിക്കയും വിവേകം നേടുകയും'' ചെയ്യേണ്ടത് (വാ. 5). അറിവു കൊണ്ട് എന്തുചെയ്യണമെന്ന് ജ്ഞാനം നമ്മെ പഠിപ്പിക്കുന്നു. നമുക്ക്് അത്യാവശ്യമായിരിക്കുന്ന യഥാർത്ഥ ജ്ഞാനം, ദൈവത്തിൽ നിന്നാണ് വരുന്നത്. നമ്മുടെ അറിവ് എല്ലായ്‌പ്പോഴും പരിമിതമായിരിക്കും, എന്നാൽ അവന്റെ ജ്ഞാനം നമുക്ക് ആവശ്യമുള്ളത് നൽകുന്നു. 

ഒരു തെരഞ്ഞെടുപ്പ്

ഒരു പ്രിയ സുഹൃത്തിന്റെ മരണത്തിന് ഏതാനും ആഴ്ചകൾക്കുശേഷം ഞാൻ അവളുടെ അമ്മയുമായി സംസാരിച്ചു. അവൾക്ക് എങ്ങനെയുണ്ടെന്ന് ചോദിക്കുന്നത് അനുചിതമാണെന്നു കരുതി അങ്ങനെ ചോദിക്കാൻ ഞാൻ മടിച്ചു; അവൾ സങ്കടപ്പെട്ടു. പക്ഷെ ഞാൻ എന്റെ വിമുഖത മാറ്റി അവൾ എങ്ങനെ പിടിച്ചു നിൽക്കുന്നു എന്ന് ചോദിച്ചു. അവളുടെ മറുപടി: “കേൾക്കൂ, ഞാൻ സന്തോഷം തിരഞ്ഞെടുക്കുന്നു.” 
എന്റെ സ്വന്തം ജീവിതത്തിലെ ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ പാടുപെടുന്ന എന്നെ അവളുടെ വാക്കുകൾ സഹായിച്ചു. അവളുടെ വാക്കുകൾ ആവർത്തനപുസ്തകത്തിന്റെ അവസാനത്തിൽ യിസ്രായേല്യർക്ക് മോശെ നൽകിയ കൽപ്പനയും എന്നെ ഓർമ്മിപ്പിച്ചു. മോശെയുടെ മരണത്തിനും യിസ്രായേല്യരുടെ വാഗ്ദത്ത ദേശത്തേക്കുള്ള പ്രവേശനത്തിനും തൊട്ടുമുമ്പ്, അവർക്ക് ഒരു തിരഞ്ഞെടുപ്പുണ്ടെന്ന് അവർ അറിയണമെന്ന് ദൈവം ആഗ്രഹിച്ചു. മോശ പറഞ്ഞു, “ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു...ജീവനെ തിരഞ്ഞെടുത്തുകൊൾക’’ (ആവർത്തനം 30:19-20). അവർക്ക് ദൈവത്തിന്റെ നിയമങ്ങൾ പാലിച്ച് നന്നായി ജീവിക്കാൻ കഴിയും, അല്ലെങ്കിൽ അവർക്ക് അവനിൽ നിന്ന് പിന്തിരിഞ്ഞ് “മരണത്തിന്റെയും നാശത്തിന്റെയും” അനന്തരഫലങ്ങളുമായി ജീവിക്കാൻ കഴിയും (വാ. 15). 
എങ്ങനെ ജീവിക്കണമെന്നുള്ളത് നാമും തിരഞ്ഞെടുക്കണം. നമ്മുടെ ജീവനായുള്ള ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്തുകൊണ്ട് നമുക്ക് സന്തോഷം തിരഞ്ഞെടുക്കാം. അല്ലെങ്കിൽ നമ്മുടെ യാത്രയുടെ നിഷേധാത്മകവും ബുദ്ധിമുട്ടുള്ളതുമായ ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു നമുക്ക് തിരഞ്ഞെടുത്തുകൊണ്ട് അത് നമ്മുടെ സന്തോഷം കവർന്നെടുക്കാൻ അനുവദിക്കാം. സന്തോഷം തിരഞ്ഞെടുക്കണമെങ്കേിൽ അതിന് പരിശീലിക്കുകയും സഹായത്തിനായി പരിശുദ്ധാത്മാവിൽ ആശ്രയിക്കുകയും ചെയ്യണം. “ദൈവത്തെ സ്‌നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു” (റോമർ 8:28) എന്നതിനാൽ നമുക്ക് സന്തോഷം തിരഞ്ഞെടുക്കാൻ കഴിയും.